വാർത്തകൾ

Kerala State Wakf Board

കേരള സംസ്ഥാന വഖഫ് ബോർഡ്

1995 ലെ വഖഫ് നിയമ പ്രകാരം കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു നിയമാനുസൃത സംഘടനയാണ് കേരള സ്റ്റേറ്റ് വഖഫ് ബോർഡ്.1954-ല്‍ ഇന്ത്യാഗവണ്‍മെന്റ് രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് ഇത് നിലവിൽ വന്നത് .1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. മുന്‍മന്ത്രിയും സാമൂഹ്യപ്രവര്‍ത്തകനുമായ പി.കെ. കുഞ്ഞുസാഹിബായിരുന്നു ബോര്‍ഡിന്റെ ആദ്യ അധ്യക്ഷന്‍. പില്ക്കാലത്ത് കേരളസര്‍ക്കാര്‍ 1995-ലെ 43-ാം ആക്റ്റ് പ്രകാരം കേരള വഖഫ് നിയമത്തിന് രൂപം നല്‍കി. 1996 ജനു. 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. കേരള വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് രൂപീകൃതമായിട്ടുള്ളത്. വഖഫ് നിയമം അനുശാസിക്കുന്നപ്രകാരം വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ അംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് വഖഫ് ബോര്‍ഡിന്റെ ഭരണസമിതി. കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ നിലവില്‍ 11 അംഗങ്ങളാണുള്ളത്. ബോര്‍ഡിലെ അംഗങ്ങളെയും സെക്രട്ടറിയെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറെയും സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്നു. അഞ്ചുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി. ബോര്‍ഡിന്റെ അധ്യക്ഷനെ അംഗങ്ങള്‍ തെരഞ്ഞെടുക്കുന്നു. കൊച്ചിയിലെ കലൂരിലാണ് കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് വഖഫ് കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ആണ്.
നിരവധി പള്ളികൾ, കബർസ്ഥാൻ, അനാഥാലങ്ങൾ, ദർഗകൾ തുടങ്ങിയവയാണ് രജിസ്റ്റർ ചെയ്യുന്നത്. സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍, അനാഥാലയങ്ങള്‍, ദര്‍ഗകള്‍ തുടങ്ങിയ വഖഫ് സ്ഥാപനങ്ങളുടെയും സ്ഥാവരജംഗമ വസ്തുക്കളുടെയും പൊതുവായ മേല്‍നോട്ടം, വഖഫ് സ്വത്തുക്കളുടെ വിശദമായ രേഖകള്‍ സൂക്ഷിക്കുക, അവയുടെ ആദായം നിശ്ചിത ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കു മാത്രമാണ് ചെലവിടുന്നതെന്ന് ഉറപ്പുവരുത്തുക, ആവശ്യമായി വരികയാണെങ്കില്‍ വസ്തു കൈമാറ്റങ്ങള്‍ നടത്തുക, കോടതി നടപടികളില്‍ ഭാഗമാക്കുക, നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മേല്‍നോട്ടക്കാരെ മാറ്റുക തുടങ്ങിയ പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങള്‍ വഖഫ് ബോര്‍ഡ് നിര്‍വഹിക്കുന്നു. വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളുടെ വിശ്വാസ-ആചാര അനുഷ്ഠാനങ്ങള്‍ക്കനുസൃതമായി നിയന്ത്രിക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്.
 വഖഫ് ആക്റ്റില്‍ കൃത്യമായി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒമ്പത് പേരുടെ ഒരു സംഘമാണ് വഖഫ് ബോര്‍ഡിന്റെ ഭരണം നടത്തുന്നത്. പ്രധാനപ്പെട്ടയാള്‍ ചെയര്‍മാന്‍, മറ്റ് അംഗങ്ങളില്‍ രണ്ടു പേര്‍ നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ, എംപിമാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ളിം വിശ്വാസികളായ ഒരു എംഎല്‍എയും ഒരു എംപിയുമായിരിക്കും. ഹൈക്കോടതിയിലെ ബാര്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ളിം വിശ്വാസിയായ ഒരു വക്കീല്‍, ഒരു ലക്ഷം രൂപ വരുമാനമുള്ള മഹല്ലുകളില്‍ (ഇടവക) നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് മുത്തവല്ലിമാര്‍, ശരീയത്ത് നിയമം അറിയുന്ന സമൂഹിക പ്രവര്‍ത്തകരായ രണ്ടു പേര്‍, ഒരു ഗവണ്‍മെന്റ് സെക്രട്ടറി എന്നിവരാണ് വഖഫ് ബോര്‍ഡിലെ ഒമ്പതു പേര്‍. അവസാനത്തെ മൂന്നു പേരെ സര്‍ക്കാരാണ് നോമിനേറ്റ് ചെയ്യുന്നത്.
മഹല്ല്കളും ട്രസ്റ്റുകളുമായി കേരളത്തില്‍ 9000 സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഏറെ വരുമാനമുള്ള നിരവധി ട്രസ്റ്റുകളും വഖഫ് സ്വത്തുക്കളും ഇപ്പോഴും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതെയും പ്രവര്‍ത്തിക്കുന്നുണ്ട്.
 വഖഫ് ചെയ്ത വസ്തുവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സ്വത്ത് സംരക്ഷിക്കുകയാണ് വഖഫിന്റെ പ്രധാന ചുമതല.  മുസ്‌ളിം സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യത്തീം സംരക്ഷണം, ദറസ് നടത്തല്‍ എന്നീ കാര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാം എന്നായിരിക്കാം വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍. ഇവ യഥാവിധി ചെയ്യുന്നതോടൊപ്പം സമുദായത്തിന്റെ ഉന്നമനവും വഖഫ് ബോര്‍ഡിന്റെ ചുമതലയാണ്. വഖഫ് സ്വത്തുക്കള്‍ വില്‍ക്കാന്‍ ബോര്‍ഡിന് അധികാരമില്ല. കാരണം അത് ദൈവത്തിന് സമര്‍പ്പിച്ചതാണ്. അവ സംരക്ഷിക്കാനാണ് ബോര്‍ഡ്. എന്നാല്‍ എന്തെങ്കിലും കാരണത്താല്‍ വഖഫ് സ്വത്തുക്കള്‍ വില്‍ക്കുകയാണെങ്കില്‍ അതിന് തുല്യമായ പണത്തിന് സ്വത്തുക്കള്‍ വാങ്ങി അവ സംരക്ഷിക്കേണ്ടതും വഖഫിന്റെ ബാധ്യതയാണ്. വഖഫ് സ്വത്തുക്കളില്‍ ഓഡിറ്റ് നടത്തി കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും അതില്‍ എന്തെങ്കിലും വിധത്തില്‍ അഴിമതി കണ്ടാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാനും വഖഫിന് അധികാരമുണ്ട്.
ഗവണ്‍മെന്റിനു കീഴിലുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് വഖഫ് ബോര്‍ഡ്. എല്ലാക്കാലത്തും അതത് സര്‍ക്കാറുകള്‍ വഖഫിന് വന്‍തുക ഗ്രന്റ് നല്‍കാറുണ്ട്. ഗവണ്‍മെന്റ് ഗ്രാന്റ്, സോഷ്യല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള ഗ്രാന്റ്, തര്‍ക്കമുള്ള വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം എന്നിവ വഖഫ് ബോര്‍ഡിലേക്കാണ് എത്തുന്നത്. കൂടാതെ രജിസ്റ്റര്‍ ചെയ്ത 9000 വരുന്ന മഹല്ലുകള്‍ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കണം. ഇതില്‍ മാസം ലക്ഷങ്ങള്‍ വരുമാനമുള്ള മഹല്ലുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരുമാനമുള്ള മഹല്ലുകളുമുണ്ട്. വരുമാനമെത്രയായാലും അതിന്റെ 7 ശതമാനം വഖഫ് ബോര്‍ഡിന് നല്‍കിയിരിക്കണം. മഹല്ലില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ വഖഫ് ബോര്‍ഡിന് അത് അന്വേഷിക്കാനും ഒാഡിറ്റ് നടത്തി കൂടുതല്‍ വരുമാനം കണ്ടെത്തിയാല്‍ പിഴ ഈടാക്കാനും അധികാരമുണ്ട്. കൂടാതെ വഖഫ് സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും ബോര്‍ഡിനാണ്. 
 വഖഫ് സ്വത്ത് വില്‍ക്കാന്‍ കേരള വഖഫ് റൂള്‍സ് 94, 95 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിന് കുറഞ്ഞത് മൂന്നുമാസം സമയമെടുക്കും. പത്ര പരസ്യവും ഗസറ്റ്  വിജ്ഞാപനവും അടക്കമുള്ള നടപടി ക്രമങ്ങള്‍ വേണമെന്നാണ് വ്യവസ്ഥ.ആദ്യം മഹല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. മഹല്ലില്‍ ഇത് ചര്‍ച്ചചെയ്ത് എതിര്‍പ്പില്ലെങ്കില്‍ ആ അപേക്ഷ സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് അയയ്ക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ഈ വസ്തു പൊതുലേലത്തില്‍ വെയ്ക്കും. ലേലത്തില്‍ വച്ച വസ്തു ആവശ്യക്കാരന്‍ ലേലം കൊള്ളണം. ഇതാണ് നടപടി ക്രമം.

Share via WhatsApp